നൊമ്പരത്തിന്റെ നേർക്കാഴ്ചകൾ
(ഇതുവായിക്കാതെ പോകരുത് ആരും )
മൂന്നു നാല് ദിവസം മുൻപ് ഉദ്ദേശം 3 മണിയോടുകൂടി എനിക്ക് ഒരു ഫോൺകാൾ ലഭിച്ചു. അങ്ങേത്തലക്കൽ ഒരു സ്ത്രീയുടെ ശബ്ദം. ഇത് കിഡ്നി ഫൌണ്ടേഷൻ അല്ലേ എന്ന് ആയിരുന്നു ആദ്യ ചോദ്യം, അതെ എന്ന് ഞാൻ മറുപടിയും പറഞ്ഞു. വീണ്ടും ആ സ്ത്രീ സംസാരിച്ചു തുടങ്ങി, സാർ എന്റെ ഭർത്താവ് ഒരു വൃക്കരോഗിയാണ് കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിസ് ചെയ്തുവരികയാണ്. ഭർത്താവ് എന്ത് ചെയ്യുന്നു, പ്രായം എത്രയായി എവിടെയാണ് ഡയാലിസിസ് ചെയ്യുന്നത് എന്നുള്ള ചോദ്യങ്ങൾക്കു അവർ ഇപ്രകാരം മറുപടിയും നൽകി. ഭർത്താവ് ഒരു പലചരക്കു കട ബിസിനസ് ചെയ്യുകയായിരുന്നു, ഇപ്പോൾ കൊറോണ കാരണം കട തുറന്നിട്ട് കുറെ മാസങ്ങളായി . ഇപ്പോൾ 53 വയസ്സായി, പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ ആണ് ഡയാലിസിസ് നടത്തുന്നത് എന്നും പറഞ്ഞു. പരിശോധനയിൽ വൃക്ക രോഗത്തിന് കാരണമായി ഡോക്ടർ പറഞ്ഞത് അമിത രക്തസമ്മർദം മൂലമെന്നാണ്, കൂടെ പഞ്ചസാരയുടെ അളവും വളരെ കൂടുതൽ ആയിരുന്നു എന്നും അവർ പറഞ്ഞു. പ്ലസ് 2വിനും ഡിഗ്രിക്കും പഠിക്കുന്ന രണ്ടു പെൺകുട്ടികൾ. വരുമാനം ഒന്നുമില്ലാത്ത അവസ്ഥ. മാസം ഇരുപതിനായിരത്തോളം രൂപ ഹോസ്പിറ്റൽ ചെലവ്. യാത്രാച്ചിലവും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചിലവും, വീട്ട് ചിലവും എല്ലാം കൂടി എനിക്ക് താങ്ങാൻ പറ്റുന്നില്ല. ഞങ്ങളുടെ ഒരു പ്രണയവിവാഹം ആയിരുന്നു, രണ്ടുമതസ്ഥർ, എന്റെ വീട്ടിൽ നിന്നോ ഭർത്താവിന്റെ വീട്ടിൽ നിന്നോ ഇന്നുവരെ ഒരു സഹായമോ ഒന്ന് കാണാൻകൂടിയോ വന്നിട്ടില്ല ആരും….. ഇതുപറയുമ്പോൾ ആ സ്ത്രീ വിങ്ങിപ്പൊട്ടി കരയുന്നുണ്ടായിരുന്നു…… കിട്ടാവുന്നടത്തൂന്നൊക്കെ കടം മേടിച്ചു, സാർ, ഭർത്താവിന് കിഡ്നി അസുഖം ആണെന്ന് അറിഞ്ഞതോടെ കൂടെ നിന്നിരുന്ന സ്നേഹിതരും അയൽപ ക്കക്കാരും ഞങ്ങളിൽ നിന്ന് അകന്നു. (പണം കടം ചോദിക്കുമോ എന്ന ഭയത്താൽ ആയിരിക്കാം എന്നുകൂടി അവർ കൂട്ടിച്ചേർത്തു )എനിക്ക് ഇനിയും എന്ത് ചെയ്യണമെന്ന് അറിയില്ല സാർ, എല്ലാരും കൂടി അങ്ങ് വല്ല വിഷവും മേടിച്ചു കഴിച്ചു ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിക്കുന്നു.
എല്ലാം കേട്ടിരുന്ന ഞാൻ എന്തുപറഞ്ഞു ആശ്വസിപ്പിക്കണമെന്നു അറിയാതെ ഒരു നിമിഷം നിശബ്ദനായി. ഞാൻ അവരുടെ സ്ഥലത്തെ കുറിച്ചും, വീടിനെകുറിച്ചും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഞാൻ രണ്ടുദിവസം കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു കൊണ്ട് ഫോൺ സംഭാഷണം അവസാനിപ്പിച്ചു…..
പറഞ്ഞ വിവരങ്ങളെ കുറിച്ച് ഒക്കെ ഒന്നന്വേഷിക്കുന്നതിനു എന്റെ പാലക്കാടുള്ള ഒരു സുഹൃത്തിനെ ചുമതലപ്പെടുത്തി അഡ്രസ്സും കൊടുത്തു. ഇന്നലെ സുഹൃത്ത് പോയി വിവരങ്ങൾ അന്വേഷിച്ചു എന്നെ വിളിച്ചപ്പോൾ ആ സ്ത്രീ പറഞ്ഞ കര്യങ്ങൾ മുഴുവനും സത്യമാണെന്നു അറിഞ്ഞു . തല്ക്കാലം എങ്ങനെ അവരെ ഒന്ന് സഹായിക്കാൻ കഴിയുമെന്ന് ഞാൻ ആലോചിച്ചപ്പോൾ, ലണ്ടൻ പ്രവാസിയായ Thankamany Nambalat നെ വിളിച്ചു ഞാൻ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു. ഞാൻ ഒരു അൻപതിനായിരം രൂപ കൊടുക്കാം,അതിനായി അവരുടെ account number മേടിക്കു എന്നുപറഞ്ഞു. ചോദിച്ചപ്പോൾ അവർക്കു ബാങ്ക് account ഇല്ല എന്നാണ് പറഞ്ഞത്. അതുകൊണ്ട് ഇന്നലെ ആ പണം എന്റെ പേർക്ക് അയച്ചു തന്നു…എന്റെ സുഹൃത്ത് മുഖാന്തരം ആ പണം ഇന്ന് അവരുടെ വീട്ടിൽ എത്തിച്ചു. പണം കിട്ടിയ വിവരത്തിനു ആ സ്ത്രീ എന്നെ വിളിച്ചു ഒരുപാട് നന്ദിയും പറഞ്ഞു….ആ പണം ഒന്നിനും ആകില്ല എന്നറിയാം, എങ്കിലും തൽക്കാലത്തേക്ക് ഒരാശ്വാസം അവർക്കു, ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ മുഖാന്തരം ഒരു സാമ്പത്തിക സഹായം ലഭിക്കുന്നതു്ലേക്കുള്ള അപേക്ഷയും തയ്യാറാക്കി ഇന്ന് ഞാൻ അയച്ചിട്ടുണ്ട്.
Thankamany Nambalat (കിഡ്നി ഫൗണ്ടേഷന്റെ ഇന്റർനാഷണൽ അംബാസിഡർ കൂടിയാണ്) എന്ന ആ മനുഷ്യ സ്നേഹിക്കു കിഡ്നി ഫൗണ്ടേഷന്റെ സ്നേഹം നിറഞ്ഞ
നന്ദി 🙏ആശ്രയിക്കാൻ ആരു മില്ലാതാവുന്ന സാഹചര്യത്തിൽ ദൈവദൂതനെ പോലെ ചിലർ മനുഷ്യർ വരുമെന്നുള്ള സത്യം ഇവിടെ അർത്ഥവത്താണ്.
വൃക്ക രോഗമെന്ന ഈ അസുഖം ആർക്കാണ് എപ്പോഴാണ് ഉണ്ടാകുക എന്ന് പറയാൻ കഴിയില്ല. ഞാനും അങ്ങനെ ഒരു സാഹചര്യത്തിൽ കൂടി ഒരിക്കൽ കടന്നു പോയതുകൊണ്ടും, അതിന്റെ വേദനയും കഷ്ടപ്പാടും ഒരുപാട് അനുഭവിച്ചിട്ടുള്ളതുകൊണ്ടും, മറ്റൊരു വൃക്കരോഗിയുടെയും കുടുംബത്തിന്റെയും വേദന എന്തെന്ന് എനിക്ക് ശെരിക്കും അറിയാൻ കഴിയും.പ്രായം ചെന്ന രണ്ടു പെൺകുട്ടികൾ, രോഗിയായ ഭർത്താവ്, ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥയിൽ ഇനി അവരുടെ മുന്നോട്ടുള്ള ജീവിതം വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു.. 😥😥😥
എന്നാൽ കഴിയുന്ന രീതിയിൽ ഞാൻ ഇനിയും സഹായിക്കും…ബാക്കി ഒക്കെ ഈശ്വരന്റെ കയ്യിൽ 🙏🙏